ധാക്ക: ബംഗ്ളാദേശിലെ ഇടക്കാല സര്‍ക്കാരിലെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ് രാജി സന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍. ഷെയ്ഖ് ഹസീനയെ സ്ഥാനഭ്രഷ്ടയാക്കിയ പ്രക്ഷോഭത്തിന്‍റെ മുന്‍നിരയിലുണ്ടായിരുന്ന നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടി മേധാവി നഹീദ് ഇസ്ലാം, മന്ത്രിസഭയിലെ സഹപ്രവര്‍ത്തകരായ മഹ്ഫൗജ് ആലം, ആസിഫ് മഹമൂദ് ഷോജിബ് ഭുയാന്‍ തുടങ്ങിയവര്‍ കഴിഞ്ഞദിവസം, യൂനുസുമായി ഔദ്യോഗിക വസതിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. രാജിവയ്ക്കരുതെന്ന് ഇവര്‍ അഭ്യര്‍ഥിച്ചതായാണു സൂചനകള്‍.
അതേസമയം, യൂനുസ് രാജിവയ്ക്കില്ലെന്നും ഡിസംബറിനും ജൂണിനും ഇടയില്‍ തെരഞ്ഞെടുപ്പു നടക്കുമെന്നും ബംഗ്ളാദേശ് വനം~ പരിസ്ഥിതി മന്ത്രിയുടെ ചുമതല വഹിക്കുന്ന സയീദ റിസ്വാന ഹസന്‍ പറഞ്ഞു. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ യൂനുസ് അസംതൃപ്തനാണെന്നാണ് നഹീദ് ഇസ്ലാം ഒരു മാധ്യമത്തോടു വെളിപ്പെടുത്തിയത്. സൈന്യവുമായി ചേര്‍ന്ന് പ്രവര്‍ത്തനം തുടരാനാകുമോ എന്ന ആശങ്കയും അദ്ദേഹത്തിനുണ്ട്. റാഖൈന്‍ ഇടനാഴി, പൊതുതെരഞ്ഞെടുപ്പ് പ്രശ്നങ്ങളില്‍ സൈന്യം സ്വീകരിച്ച നിലപാടുകളാണു യൂനുസിനെ സമ്മര്‍ദത്തിലാക്കുന്നത്. മ്യാന്‍മറിലെ അരാക്കന്‍ മേഖലയിലേക്ക് അടിയന്തര സഹായങ്ങളെത്തിക്കാന്‍ മാനുഷിക ഇടനാഴി അനുവദിക്കണമെന്ന യുഎന്‍ ആവശ്യം യൂനുസ് അംഗീകരിച്ചിരുന്നു.
എന്നാല്‍, പട്ടാളത്തിനു മേല്‍ സമ്മര്‍ദം ചെലുത്താനുള്ള യൂനുസിന്‍റെ തന്ത്രമായും രാജിനീക്കം വിലയിരുത്തപ്പെടുന്നുണ്ട്. തെരഞ്ഞെടുപ്പു നടന്നാല്‍ യൂനുസ് അധികാരത്തിനു പുറത്താകും. രാജിവാര്‍ത്ത ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവന്നതോടെ വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കുശേഷം ഇസ്ലാമികവാദക്കാര്‍ ധാക്കയിലേക്കും കന്‍റോണ്‍മെന്‍റിലേക്കും മാര്‍ച്ച് നടത്തിയിരുന്നു. തെരഞ്ഞെടുപ്പ് പരമാവധി നീട്ടിക്കൊണ്ടുപോകുകയാണ് യൂനുസിന്‍റെ ലക്ഷ്യം.
കഴിഞ്ഞ വര്‍ഷം ഓഗസ്ററില്‍ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയോടെ നടന്ന രക്തരൂഷിത കലാപത്തിലാണ് സമാധാന നൊബേല്‍ ജേതാവായ മുഹമ്മദ് യൂനുസ് ബംഗ്ളാദേശിന്‍റെ ഭരണത്തിലേറിയത്. അക്രമികളെ ഭയന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയില്‍ അഭയം തേടുകയായിരുന്നു. അധികാരമേറ്റതു മുതല്‍ ചൈന, പാക്കിസ്ഥാന്‍ രാജ്യങ്ങള്‍ക്ക് അനുകൂലമായ നിലപാടുകളാണ് യൂനുസ് സ്വീകരിച്ചത്. അടുത്തിടെ നടത്തിയ ചൈനാ സന്ദര്‍ശനത്തില്‍ ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെക്കുറിച്ച് യൂനുസ് നടത്തിയ പ്രസ്താവന വലിയ വിവാദമായിരുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ കരയാല്‍ ചുറ്റപ്പെട്ടവയാണെന്നും കടല്‍ സുരക്ഷയില്‍ ബംഗ്ളാദേശാണു നിര്‍ണായകമെന്നും ചൈന ഈ സാഹചര്യം പ്രയോജനപ്പെടുത്തണമെന്നുമായിരുന്നു യൂനുസിന്‍റെ പരാമര്‍ശം.
കഴിഞ്ഞ മാര്‍ച്ചില്‍ യുഎന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടറസ് ധാക്ക സന്ദര്‍ശിച്ചപ്പോഴാണു റോഹിംഗ്യകളെ പുനരധിവസിപ്പിക്കാന്‍ ഇടനാഴിയെന്ന ആശയം മുന്നോട്ട് വെച്ചത്. ഇതംഗീകരിച്ച യൂനുസ് സര്‍ക്കാര്‍ റോഹിംഗ്യ വിഷയത്തില്‍ സര്‍ക്കാരിന്‍റെ ഉന്നത പ്രതിനിധിയായ ഖലീലൂര്‍ റഹ്മാനെ ദേശീയസുരക്ഷാ ഉപദേഷ്ടാവായി നിയമിച്ചു. എന്നാല്‍, ഇടനാഴിക്കെതിരേ പട്ടാള മേധാവി വഖാര്‍ ഉസ് സമന്‍ പരസ്യമായി രംഗത്തെത്തി. രാജ്യത്തിന്‍റെ പരമാധികാരത്തിന് ഭീഷണിയാകുന്ന ഒരു പ്രവര്‍ത്തനവും അനുവദിക്കില്ലെന്നു സമന്‍ തുറന്നടിച്ചു. രാജ്യത്ത് ഡിസംബറിനു മുന്‍പ് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ വരണമെന്നും സമന്‍ പറഞ്ഞു. വിവിധ രാഷ്ട്രീയ കക്ഷികളും തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം ശക്തമാക്കിയിട്ടുണ്ട്.

Comments: